April 6, 2015

'വെടിയുണ്ടകള്‍ കൊണ്ട് സത്യത്തെ തോല്‍പ്പിക്കാനാവില്ല'


ഹരിത നോബല്‍ എന്നറിയപ്പെടുന്ന  ഗോള്‍ഡ് മാന്‍ പുരസ്ക്കാരം സ്വീകരിച്ച ശേഷം, ഊന്നുവടിയുടെ സഹായത്തോടെ നന്നേ പ്രയാസപ്പെട്ടാണ് ഛത്തീസ്ഗഢിലെ റായിഗര്‍ സ്വദേശി രമേശ് അഗര്‍വാള്‍ ചടങ്ങ് നടന്ന സാന്‍ഫ്രാന്‍സിസ് കോ വാര്‍ മെമ്മോറിയല്‍ ഓപെറയിലെ വേദി വിട്ടത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കോര്‍പറേറ്റുകള്‍ നടത്തുന്ന ഖനന കൊള്ള ചോദ്യം ചെയ്തതിന് പ്രതിഫലമായി ലഭിച്ച വെടിയുണ്ടകള്‍ ആ ശരീരത്തെ ആകെ തളര്‍ത്തിയിരുന്നു. എന്നാല്‍, ആ പുരസ്കാരം ലോകമെങ്ങുമുള്ള പൊരുതുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത് അടങ്ങാത്ത ഊര്‍ജ്ജമാണ്. ആക്രമണങ്ങള്‍ക്കിടയിലും തളരാത്ത ഇച്ഛാ ശക്തിയുടെ പ്രതീകമായി തല ഉയര്‍ത്തി നില്‍ക്കുന്ന അഗര്‍വാള്‍ വിവരാവകാശ നിയമവും വിവര സാങ്കേതിക വിദ്യയിലൂടെയും നിയമ വഴികളിലൂടെയും സമാധാനപരമായി തന്റെ പോരാട്ടം തുടരുകയാണ്. മുംബെയില്‍ വിദഗ്ധ ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കുമായി പോവുന്ന തിരക്കിനും അവശതയ്ക്കുമിടെ അദ്ദേഹം ഏഷ്യാനെറ്റ് asianetnews.tv യോട് മനസ്സ് തുറക്കുന്നു.

ആരാണ് രമേശ് അഗര്‍വാള്‍?
ഏറ്റവുമധികം ഖനികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഛത്തീസ്ഗഢ്. കാലങ്ങളായി ഈ മണ്ണില്‍ കഴിയുന്ന സാധാരണ മനുഷ്യരെ ഉച്ചാടനം ചെയ്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഈ നിലങ്ങള്‍ തീറെഴുതി നല്‍കാനുള്ള ഭരണകൂട നീക്കങ്ങള്‍ ഇവിടെ അരങ്ങുതകര്‍ക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെ മറന്ന് സര്‍ക്കാറുകള്‍ നടത്തുന്ന ഗൂഢാലോചനകളും അതിനെതിരായ ജനകീയ ചെറുത്തു നില്‍പ്പുകളും പലപ്പോഴും പുറത്തറിയാറേ ഇല്ല. രമേശ് അഗര്‍വാളിനെ പോലെ ചിലരുടെ അക്ഷീണമായ പരിശ്രമങ്ങള്‍ കൊണ്ടു മാത്രമാണ് ഇവയില്‍ പലതും പുറം ലോകം അറിഞ്ഞത്. ഛത്തിസ്ഗഢിലെ ഗ്രാമീണ മേഖലകളില്‍ വന്‍കിട ഉരുക്കുകമ്പനിയായ ജിന്‍ഡാല്‍ സ്റീല്‍ പവര്‍ ലിമിറ്റഡിന്റെ (ജെ എസ് പി എല്‍) ഖനനത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് രമേശ് അഗര്‍വാളിനെ ശ്രദ്ധേയനാക്കുന്നത്.

ജിന്‍ഡാല്‍ സ്റീല്‍ പവര്‍ ലിമിറ്റഡിന്റെ നിലവിലുള്ള പ്ളാന്റുകള്‍ക്കു പുറമേ ചത്തീസ്ഗഢില്‍ അനധികൃതമായി ഒരു കല്‍ക്കരി ഖനി കൂടെ ആരംഭിക്കുന്നതിനെതിരെ ഗ്രീന്‍ ട്രൈബ്യൂണലിനു മുന്‍പാകെ രമേശ് നടത്തിയ സംഭവ ബഹുലമായ കേസില്‍ ഒടുവില്‍ വന്ന വിധി നാടിനും രമേശിനും അനുകൂലമാകുകയായിരുന്നു. 'ജന്‍ ചേതന മഞ്ച്' എന്ന പേരില്‍ രമേശ് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെങ്കിലും അതിനായി രമേശിന് നല്‍കേണ്ടി വന്ന വില വളരെ കനത്തതായിരുന്നു. കമ്പ്യൂട്ടര്‍ വാങ്ങാനെന്ന വ്യാജേന 2012 ജൂലൈ മാസം 7ാം തീയതി അജ്ഞാതരായ രണ്ടു പേര്‍ ബൈക്കില്‍ രമേശിന്റെ ഇന്റര്‍നെറ്റ് കഫെയിലെത്തി അദ്ദേഹത്തിനുനേരെ നിറയൊഴിച്ചു. രണ്ടു വെടിയുണ്ടകള്‍ ഇടതു തുടയെല്ല് തകര്‍ത്തു തറഞ്ഞുകയറി.കൈയ്യിലിരുന്ന മൊബൈല്‍ എറിഞ്ഞതുകൊണ്ട് നെഞ്ചിലേക്ക് തുളഞ്ഞു കയറേണ്ട വെടിയുണ്ടകള്‍ അരയ്ക്കു താഴെ കൊള്ളുകയായിരുന്നു എന്ന് നടുക്കത്തോടെ രമേശ് ഓര്‍ത്തെടുക്കുന്നു. ഗുരുതരമായി പരിക്കേറ്റ രമേശിന് കാലില്‍ സ്റീല്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച ശേഷമാണ് അല്പമെങ്കിലും ഊന്നുവടിയുടെ സഹായത്തോടെ നടക്കാനാവുന്നത്.

2010 ല്‍ ആണ് രമേശ് അഗര്‍വാള്‍ ജിന്‍ഡാല്‍ ലിമിറ്റഡിനെതിരെ നിയമപോരാട്ടം ആരംഭിച്ചത്. പുതിയതായി തന്റെ ഗ്രാമത്തില്‍ നിര്‍മ്മാണം ആരംഭിച്ച പ്ളാന്റിനു പരിസ്ഥിതി ക്ളിയറന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിന്,അഗര്‍വാള്‍ കത്തയച്ചിരുന്നു. തുടര്‍ന്ന് ജയറാം രമേശിന്റെ നിര്‍ദ്ദേശപ്രകാരം ഒരു സമിതി സ്ഥലത്തെത്തി രമേശ് അഗര്‍വാളിന്റെ ആരോപണങ്ങള്‍ ശരി വെയ്ക്കുകയും അതേത്തുടര്‍ന്ന് ജൂണില്‍ നിര്‍ദ്ദിഷ്ട പ്ളാന്റിനുള്ള അനുമതി പിന്‍വലിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിനോട് പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ജിന്‍ഡാല്‍ അപ്പീല്‍ സമര്‍പ്പിക്കുകയും തീരുമാനം തനിക്കു അനുകൂലമാക്കുകയും ചെയ്തു. രമേശും ജിന്‍ഡാലും തമ്മിലുള്ള പോരാട്ടം അവിടെ ആരംഭിച്ചു. രമേശ് അഗര്‍വാള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ജിന്‍ഡാല്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനു ശേഷം 2011 മെയ് മാസം അഗര്‍വാളിനെ പോലീസ് അറസ്റ് ചെയ്തു. ഒരു പൊതുവേദിയില്‍ രമേശ് നടത്തിയ ചില പ്രസ്താവനകള്‍ക്കെതിരെയായിരുന്നു കേസ്. ഏകദേശം 60 ദിവസത്തോളം അദ്ദേഹത്തിന് ജയിലില്‍ അദ്ദേഹത്തിന് കഴിയേണ്ടി വന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. ഒടുവില്‍ സുപ്രീം കോടതി വേണ്ടി വന്നു രമേശിന് ജാമ്യം അനുവദിക്കാന്‍.

2012 ഏപ്രിലില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മൂന്നു വര്‍ഷം മുന്‍പ് അഗര്‍വാള്‍ സമര്‍പ്പിച്ച പരാതി വീണ്ടും പരിഗണിക്കുകയും അനേകം നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ പുതിയ പ്ളാന്റിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കുകയും നഗ്നമായ നിയമ ലംഘനമാണ് നടന്നതെന്ന് വിധി ചൂണ്ടിക്കാട്ടുകയും ചെയ്തു. മാസങ്ങള്‍ വൈകാതെ അഗര്‍വാളിനു നേരെ വെടിവെയ്പ്പും നടന്നു. പക്ഷെ ആ വെടിയുണ്ടകള്‍ക്കു രമേശിന്റെ ആവേശത്തെ കെടുത്തിക്കളയാന്‍ കഴിഞ്ഞില്ല. കാലിനു സാരമായ ബലഹീനത ഉണ്ടായിട്ടും, തന്റെ ഇന്റര്‍നെറ്റ് കഫെയിലൂടെ ഗ്രാമത്തിലെ ജനങ്ങളെ പ്രബുദ്ധരാക്കുന്നതില്‍ നിന്നും രമേശ് പിന്‍വാങ്ങിയില്ല.


വിവരാവകാശ നിയമം എന്ന ആയുധം
നിരക്ഷരരായ ഗ്രാമീണരുടെ ഭൂമി കമ്പനികള്‍ അന്യായമായി തട്ടിയെടുക്കുന്ന ഒരു സ്ഥിതിവിശേഷത്തിനു ചെറിയ തോതിലെങ്കിലും തടയിടാന്‍ രമേശിന് കഴിയുന്നു. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഗ്രാമീണര്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്താനും അതിലൂടെ നാട്ടില്‍ നടന്നു വന്ന അതിക്രമങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും കഴിയുന്നു. വിവിധ ചോദ്യാവലികള്‍ തയ്യാറാക്കി വിവരാവകാശനിയമപ്രകാരം അധികാരികളില്‍ നിന്നും തന്റെ ഗ്രാമത്തിലെ പ്രൊജക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സമ്പാദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമാണ് അദ്ദേഹം. പലപ്പോഴും പൊതുജനങ്ങള്‍ അറിയേണ്ട എന്ന് സര്‍ക്കാരും കമ്പനികളും ആഗ്രഹിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ ഇങ്ങനെ കണ്ടെത്തുന്നുവെന്ന് രമേശ് പറയുന്നു.

അഭിമുഖത്തിനായി രമേശ് അഗര്‍വാളിനെ സമീപിച്ചപ്പോള്‍ ആരോഗ്യനില പരിഗണിച്ച്, അത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ പുത്രന്‍ ധനഞ്ജയ് പങ്കുവെച്ചിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ പരിക്കില്‍ നിന്ന് അദ്ദേഹം ഇതുവരെ പൂര്‍ണ്ണമായും മോചിതനായിട്ടില്ല. അഭിമുഖത്തിനായി സമീപിക്കുമ്പോള്‍ മുംബെയില്‍ വിദഗ്ധ ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കുമായി രമേശിനെ കൊണ്ടുപോകുകയായിരുന്നു. ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'നല്ല പുരോഗതിയുണ്ട്, പക്ഷെ അച്ഛന്‍ പ്രമേഹരോഗി കൂടിയായതിനാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്' എന്നായിരുന്നു ധനഞ്ജയിന്റെ മറുപടി. നീണ്ട നാളുകളായി ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടിയും തന്റെ അച്ഛന്‍ പടപൊരുതിയപ്പോള്‍ അനേകം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നും എതിരാളികള്‍ ശക്തരായതിനാല്‍ ഇപ്പോഴും ഭീഷണിയുണ്ടെന്നും ,അതേസമയം തന്നെ ഈ അവാര്‍ഡ് ലബ്ധി തങ്ങളെ കൂടുതല്‍ ധൈര്യപ്പെടുത്തുന്നു എന്നും ധനഞ്ജയ് പറയുന്നു.

പരിസ്ഥിതിക്കായുള്ള ഒറ്റയാള്‍ പോരാട്ടങ്ങളില്‍ നാഴിക്കല്ലായാണ് ഹരിത നോബല്‍ പുരസ്ക്കാരത്തെ രമേശ് അഗര്‍വാള്‍ കാണുന്നത്. സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഗോള്‍ഡ്മാന്‍ എന്‍വയോണ്‍മെന്റ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ' ഗോള്‍ഡ് മാന്‍  എന്‍വയോണ്‍മെന്റല്‍ പ്രൈസ്' ഹരിത നോബല്‍ എന്നാണു അറിയപ്പെടുന്നത്. 1.75 ലക്ഷം ഡോളര്‍ (ഏകദേശം 1.05 കോടി രൂപ) ആണ് സമ്മാനത്തുക. ആറ് വന്‍കരകളില്‍നിന്നായി ഓരോ പരിസ്ഥിതി പ്രവര്‍ത്തകരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. പുരസ്ക്കാരം ഏറ്റുവാങ്ങിയതിനു ശേഷം തിരിച്ചു നാട്ടിലെത്തിയപ്പോള്‍ ഗംഭീര സ്വീകരണമാണ് അഗര്‍വാളിനെ കാത്തിരുന്നത്. വിദഗ്ദചികിത്സയ്ക്കായി സ്വീകരണങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ചെറിയ ഇടവേള നല്കിയെങ്കിലും, ശാരീരിക അസ്വസ്ഥതകള്‍ പോലും അവഗണിച്ചുകൊണ്ട് രമേശ് അഗര്‍വാള്‍ മനസ്സ് തുറന്നു.


ഇപ്പോഴും ഞാന്‍ ചികിത്സയിലാണ്.
ഹരിത നോബല്‍ ലഭിച്ചതിനു ശേഷമുള്ള അവസ്ഥ എന്താണ്? കഴിഞ്ഞ കാലത്തെ ഇരുണ്ട ഓര്‍മ്മകളെ എങ്ങനെ നോക്കിക്കാണുന്നു? ഇപ്പോള്‍ മുമ്പിലുള്ളത് വെളിച്ചമാണോ, അതോ കയ്പ്പുള്ള ഓര്‍മ്മകള്‍ ഇപ്പോഴും പിന്തുടരുകയാണോ?

ഒത്തിരി സന്തോഷമുണ്ട്. അവാര്‍ഡ് ലഭിച്ചതോടെ ഞങ്ങളുടെ ക്യാംപെയ്ന്‍ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതുവരെ എത്തിപ്പെടാന്‍ കഴിയാതിരുന്ന പല പ്രശ്നബാധിത പ്രദേശങ്ങളിലും കടന്നു ചെല്ലാന്‍ ഈ നേട്ടം ഞങ്ങളെ സഹായിക്കും എന്നതില്‍ സംശയമില്ല. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി,മനുഷ്യാവകാശ സംഘടനകളുമായി ബന്ധം സ്ഥാപിക്കാനും കഴിയുന്നു. ഞങ്ങളുടെ ഉദ്യമത്തെ അവര്‍ സഹായിക്കാമെന്ന ഉറപ്പും ഇതിനകം ലഭിച്ചുകഴിഞ്ഞു. അതോടൊപ്പം, വിവിധ സ്ഥലങ്ങളില്‍ സമാനമായി പോരാടുന്ന ജനങ്ങള്‍ക്ക് ഈ അവാര്‍ഡ് പുത്തന്‍ പ്രചോദനവും ഊര്‍ജ്ജവുമാണ്. കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, 2012 ജൂലൈ മാസം 7 ആം തീയതിയാണ് എനിക്ക് വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്. ഇടത്തെ തുടയെല്ല് തകര്‍ന്നുപോയി. ഇപ്പോഴും ഞാന്‍ ചികിത്സയിലാണ്. ആ സമയത്തൊക്കെ വളരെയധികം നിരാശനായിരുന്നു എന്നത് ശരിയാണ്, കാരണം ഈ സംഭവത്തോടെ വീട്ടില്‍ ഒതുങ്ങി പോകേണ്ടി വരുകയും, ജനങ്ങളുടെ ഇടയിലേക്ക് എളുപ്പം കടന്നുചെല്ലാന്‍ സാധിക്കുകയും ചെയ്യാതെ വന്നു.


ഇവിടെ നടക്കുന്നത് കൊള്ളയാണ്
അത്യന്തം പ്രതികൂല സാഹചര്യങ്ങളിലും ഇത്തരമൊരു മുന്നേറ്റത്തിലേക്ക് താങ്കളെ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത് എന്താണ്? ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പ് നേരിടേണ്ടി വന്നിട്ടുണ്ടോ?

2000 ല്‍ ചത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായതോടെ ഇവിടേക്ക് പല തരത്തിലുള്ള വ്യവസായങ്ങളുടെ ഒരു കുത്തൊഴുക്കുണ്ടായി. അതില്‍ മിക്കതും അത്യധികം മലിനീകരണം ഉണ്ടാക്കുന്നവയായിരുന്നു. പരിസ്ഥിതിയെയോ ജനങ്ങളുടെ ജീവനെയോ കാര്യമാക്കാതെ സര്‍ക്കാര്‍ ഇത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ടേയിരുന്നു. മുഖ്യമായും ആദിവാസി മേഖലകളില്‍ ജീവിതം ദുസ്സഹമായി മാറി. ഭൂമി,ജലം,വനം എന്നിങ്ങനെ അവരുടെ ജീവിതം കരുപ്പിടിപ്പിച്ച സകലതും അവര്‍ക്കു നഷ്ടപ്പെട്ടു. എല്ലാ വിധത്തിലും ഗ്രാമീണര്‍ക്ക് കഷ്ടപ്പാട് മാത്രം ലഭിച്ചു. ഒന്നുകില്‍ അതേ സ്ഥലത്ത്, ചിന്തിക്കാവുന്നതിലും അപ്പുറം ദുസ്സഹമായ സ്വന്തം ജീവിതം തുടരുക അല്ലെങ്കില്‍ മറ്റെങ്ങോട്ടെങ്കിലും മാറുക എന്നത് മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍. പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശത്തെക്കുറിച്ച് കമ്പനികള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാ പ്രകൃതി വിഭവങ്ങളെയും അവര്‍ ചൂഷണം ചെയ്തുകൊണ്ടിരുന്നു.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ആദിവാസികളുടെ ഭൂമി തട്ടിക്കൊണ്ടു പോകുന്നത് നിശബ്ദമായി നോക്കി നില്‍ക്കാനേ ഇവിടെയുള്ളവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പലപ്പോഴും ബലം പ്രയോഗിച്ചായിരിക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇത് പ്രധാനമായും ആദിവാസി കേന്ദ്രീകൃതമായ സ്ഥലമാണ്. അവിടെ ആദിവാസികള്‍ അല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങാന്‍ കഴിയില്ല. പലപ്പോഴും വലിയ കമ്പനികള്‍ വ്യാജ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയെടുക്കുന്നത്. പലപ്പോഴും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമായിരിക്കും ആദിവാസികള്‍ അവരുടെ സ്ഥലം ഏറ്റെടുത്ത വിവരം അറിയുന്നതുതന്നെ. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍, സമാനമായി ചിന്തിക്കുന്ന ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കളെ 'ജന്‍ ചേതന' (People Awareness) എന്ന ജനകീയ മുന്നേറ്റം തുടങ്ങാന്‍ പ്രേരിപ്പിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നും വളരെ നല്ല പിന്തുണയാണ് ഉണ്ടായത്. നല്ല രീതിയില്‍ ഈ മുന്നേറ്റത്തില്‍ അവര്‍ പങ്കാളികളായി.കാരണം ഇതവരുടെ തന്നെ മുന്നേറ്റം ആയിരുന്നു. ഈ ജനകീയ മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ തീര്‍ത്തും കുറവായിരുന്നു.



വികസനത്തില്‍ മനുഷ്യര്‍ക്ക് ഇടമില്ലേ?
പരിസ്ഥിതി പ്രവര്‍ത്തനം എന്ന പേരില്‍ അരങ്ങേറുന്നത് പ്രഹസനം ആണെന്നും, പരിസ്ഥിതി നാശമുണ്ടാക്കാതെ എങ്ങനെയാണ് വികസനം കൊണ്ടുവരാന്‍ കഴിയുന്നതെന്നും പല വ്യവസായികളും ചൂണ്ടിക്കാട്ടാറുണ്ട്. തങ്ങളുടെ വ്യവസായം കൊണ്ട് ഭീമമായ തുക നികുതിയായി സര്‍ക്കാരിലേക്ക് എത്തുന്നില്ലേ എന്നാണു പലരുടെയും ചോദ്യം. സത്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന വിരോധികളാണോ?

വ്യവസായികളുടെ വാദത്തോട് എനിക്ക് യോജിപ്പില്ല. വ്യവസായവല്‍ക്കരണവും വികസനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത്യാവശ്യമാണ്, പക്ഷെ അതൊരിക്കലും ജനങ്ങളുടെ ജീവന്റെയും പരിസ്ഥിതിയുടെയും വില നല്‍കിയിട്ടാവരുത്. അവര്‍ ധാരാളം പണം നികുതിയായി സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ടാകാം, പക്ഷെ സ്വന്തം ജീവിതം തന്നെ ഇട്ടെറിയപ്പെടേണ്ടി വരുന്ന പാവപ്പെട്ട മനുഷ്യരുടെ അവസ്ഥയോ? അവരൊരിക്കലും വികസനത്തിന്റെ ഭാഗമായിരുന്നില്ല. വ്യക്തമായ ആസൂത്രണമോ നിയന്ത്രണമോ ഇല്ലാത്ത വ്യവസായവല്‍ക്കരണം നമ്മുടെ ഭൂമിക്കു ഭീഷണിയാവുകയാണ്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആരും പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നില്ല. വിജ്ഞാപനങ്ങളില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്നതാണ് പരിസ്ഥിതി ഇപ്പോള്‍. ഇവിടെയുള്ള കമ്പനികള്‍ നാട്ടുകാര്‍ക്ക് ജോലി നല്‍കാമെന്നു പറയുമെങ്കിലും അത് പാലിക്കപ്പെടാറില്ല. നാട്ടിലുള്ളവര്‍ കമ്പനികള്‍ക്കെതിരെ സംഘടിക്കാതിരിക്കാന്‍ ബീഹാര്‍,ഒറീസ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് ജോലിക്ക് കൊണ്ടുവരുന്നത്. നേരിട്ട് ജോലി നല്‍കുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതും. പരിസ്ഥിതി പ്രവര്‍ത്തനം ഒരിക്കലും വികസനത്തിന് ഒരു തടസമല്ല, മറിച്ച് ചിലരുടെ മാത്രം കുത്തകയാകാതെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന 'യഥാര്‍ത്ഥ വികസനത്തിന്' അത്യാവശ്യവുമാണ്.


വിവരാവകാശ നിയമം ആയുധമാണ്
ഗ്രാമീണ മേഖലയില്‍ വിവരാവകാശ നിയമം (Right To Information) എത്രത്തോളം ശക്തമാണ്? നിയമം ഉണ്ടെങ്കിലും ഇന്ത്യന്‍ മുഴുവനും അതിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോ? വിവിധ ഭാഗങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ നേരിടേണ്ട വരുന്ന ദുരനുഭവങ്ങളും നമ്മുടെ മുന്‍പിലുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എങ്ങനെ പ്രതികരിക്കുന്നു?

യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കേണ്ട രീതിയില്‍ വിവരാവകാശ നിയമം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് ശരിയാണെങ്കിലും മറുവശത്ത് സര്‍ക്കാരിനെ അക്കൌെണ്ടബിള്‍ ആക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് RTI എന്നതു സത്യമാണ് . ഗ്രാമീണ മേഖലയിലുള്ള പലര്‍ക്കും ഈ നിയമത്തെ സംബന്ധിച്ച് അജ്ഞതയുണ്ട്. ഗ്രാമസഭകളെ കൂടുതല്‍ ശക്തമാക്കുന്ന PESA [Panchayats (Extension to Scheduled Areas)] പോലെ മിക്ക നിയമങ്ങളെക്കുറിച്ചും അവര്‍ക്കറിയില്ല. ആരോടാണ് പരാതിപ്പെടേണ്ടത്, ഏത് ഓഫീസിലാണ് പോകേണ്ടത്, എങ്ങനെയാണ് കോടതിയില്‍ പോകേണ്ടത് എന്നൊന്നും പലര്‍ക്കും അറിയില്ല. ഒരു ഗ്രാമീണനു ഡല്‍ഹിയില്‍ പോയി കേസ് ഫയല്‍ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഞങ്ങളുടെ ക്യാംപെയ്നിലൂടെ ഗ്രാമീണരെ വിവരാവകാശനിയമത്തെക്കുറിച്ച് കൂടുതല്‍ ബോധാവാന്‍മാരാക്കുന്നു. അവരവരുടെ ആവശ്യങ്ങള്‍ അനുസരിച്ച് പ്രയോജനകരമായ വിവരങ്ങള്‍ എങ്ങനെ ഈ നിയമത്തിന്റെ പരിരക്ഷയിലൂടെ ലഭിക്കാമെന്നു പറഞ്ഞുകൊടുക്കുന്നു. ഇപ്പോള്‍ അവര്‍ കൂടുതല്‍ ഇതേക്കുറിച്ച് ബോധ്യമുള്ളവരാണ്, കൂടുതലായി RTI ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് തീര്‍ത്തും ദൌര്‍ഭാഗ്യകരമാണ്. ആക്റ്റിവിസ്റുകളെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ആത്മാര്‍ഥമായ ഇടപെടലുകള്‍ നടത്തുന്നില്ല. വ്യക്തിപരമായി ഞാന്‍ നാട്ടില്‍ വരുന്ന പുതിയ പ്രോജക്റ്റുകളെ കുറിച്ചും അതിന്റെ വരും വരായ്കകളെ ക്കുറിച്ചും മറ്റും RTI വഴി നിരന്തരമായി അറിയാന്‍ ശ്രമിക്കുകയും അത് ഗ്രാമീണരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം കണ്ടെത്തുന്നില്ല
താങ്കള്‍ക്കു നേരെ വെടിയുതിര്‍ത്തവര്‍ ഇപ്പോള്‍ കമ്പനിയുടെ ഭാഗമല്ലെന്നും കമ്പനിക്കു അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ജെഎസ് പി എല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സംബന്ധിച്ചുള്ള കേസ് ഇന്നും തൃപ്തികരമായ നിലയില്‍ എത്തിയിട്ടില്ല. ഇതിനു പിന്നില്‍ ഒരു ഗൂഢാലോചന നടന്നെന്നു പറയേണ്ടി വരുമോ?

സംഭവവുമായി ബന്ധപ്പെട്ടു അറസ്റിലായ ഏഴുപേരില്‍ മൂന്നു പേര്‍ നീണ്ട നാള്‍ ജിന്‍ഡാലിനു വേണ്ടി ജോലി ചെയ്തവരാണ്. വ്യക്തിപരമായി എനിക്കവരുമായി ഒരു പ്രശ്നവും ഇതുവരെ ഇല്ല. പിന്നെ, അവരെന്തിനു എന്നോടിങ്ങനെ ചെയ്യണം? ഏതൊരു കുറ്റകൃത്യത്തിന് പിന്നിലും വ്യക്തമായ ഉദ്ദേശ്യമുണ്ട്, പക്ഷെ ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ ആ ഉദ്ദേശ്യം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല.




നിയമലംഘകര്‍ക്കൊപ്പമാണ് എല്ലാവരും
നിയമ സാധുതയില്ലാത്ത വ്യവസായ സംരംഭങ്ങള്‍ക്ക് പിന്തുണ നല്കുന്നത് ആരൊക്കെയാണ്? നിയമനിര്‍മ്മാണസഭയും എക്സിക്യൂട്ടീവും നിയമവിരുദ്ധമായ സംരംഭങ്ങളെ സഹായിക്കുന്നുണ്ടോ?

നിയമനിര്‍മ്മാണസഭയും എക്സിക്യൂട്ടീവും നിയമങ്ങള്‍ പരിഗണിക്കാതെ ജിന്‍ഡാലിനെ എല്ലാ രീതിയിലും പിന്തുണച്ചിട്ടുണ്ട്. ഇവരെല്ലാം തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എങ്കിലും ആത്മാര്‍ഥതയുള്ള ഒരു പറ്റം ആളുകളും ആ സിസ്റത്തില്‍ ഉണ്ടെന്ന വസ്തുത മറക്കുന്നില്ല.

വനം പരിസ്ഥിതി മന്ത്രാലയവും (MoEF) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും SPCB) അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്? താങ്കളുടെ അനുഭവത്തില്‍, എക്സ്പെര്‍ട്ട് അപ്രെയ്സല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിശ്വസിക്കാമോ?

വനം പരിസ്ഥിതി മന്ത്രാലയവും (MoEF) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും പരിസ്ഥിതിയെയും ജനങ്ങളുടെ ജീവനെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിലവില്‍ വന്നവയാണ്. എന്നാല്‍ ഇപ്പോള്‍ അവ വെറും 'അനുമതി നല്‍കല്‍ സ്ഥാപനങ്ങള്‍' ആയി പ്രവര്‍ത്തിക്കുകയാണ്. അപൂര്‍വ്വമായി മാത്രമേ അവര്‍ പ്രോജക്റ്റുകള്‍ തള്ളിക്കളയാറുള്ളൂ. വ്യവസായങ്ങളുടെ തെറ്റായ പ്രവണതകള്‍ ഇത്തരം ഏജന്‍സികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ജനങ്ങളുടെ പണമെടുത്ത് ഈ എജന്‍സികള്‍ക്കായി ചെലവാക്കുന്നത്. ഇത്തരം ഏജന്‍സികള്‍ പ്രതീക്ഷിക്കാന്‍ വകയൊന്നും നല്കുന്നില്ല.


വെടിയുണ്ടകള്‍ തോല്‍ക്കും
നിസ്സാരമെന്നു തോന്നുന്ന ചില വാചകങ്ങളുടെ പേരിലാണ് താങ്കള്‍ക്കെതിരെ ജെ എസ് പി എല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതെന്ന ആക്ഷേപം നിലവിലുണ്ട്. 60 ദിവസങ്ങള്‍ക്കു മുകളില്‍ ജയില്‍ വാസം അനുഭവിക്കുകയും, ജില്ലാ കോടതിയും ഹൈകോടതിയും ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള കേസുകളിലൂടെ താങ്കളെ പോലെയുള്ള ആക്റ്റിവിസ്റുകളെ നോട്ടമിടാന്‍ എതിരാളികള്‍ക്ക് എളുപ്പുമായിട്ടുണ്ടല്ലേ?

അതെ, ഇതാണ് ആക്റ്റിവിസ്റുകളെ ടാര്‍ഗെറ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാര്‍ഗം. മൂന്നു കേസുകളാണ് എനിക്കെതിരെ ഉണ്ടായിരുന്നത്,ഏകദേശം രണ്ടര മാസം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു.നമ്മുടെ ഭൂരിഭാഗം സമയവും ഊര്‍ജ്ജവും കോടതിയില്‍ നഷ്ടപ്പെടുകയാണ്. നിരന്തരമായി ദ്രോഹിച്ചാല്‍ ഒടുവില്‍ നാണക്കേട് മൂലം ആക്ടിവിസ്റുകള്‍ പിന്‍വലിയും എന്നാണു കമ്പനികളുടെ ധാരണ. പക്ഷെ സര്‍വദ്രോഹങ്ങള്‍ക്കു ഇടയിലും നമ്മള്‍ വീണ്ടും പ്രവര്‍ത്തനം വീണ്ടും തുടര്‍ന്നാല്‍ അവര്‍ക്ക് ഒരു മാര്‍ഗ്ഗം മാത്രമേയുള്ളൂ അതൊരു പക്ഷെ ആക്റ്റിവിസ്റുകളെ തുടച്ചുനീക്കുക എന്നതായിരിക്കും. എന്നാല്‍, വെടിയുണ്ടകള്‍ കൊണ്ട് സത്യത്തെ ഇല്ലാതാക്കാനാവില്ല.

താങ്കള്‍ക്കു നേരെയുള്ള വെടിവെയ്പ്പിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ പോലും അതിന്റെ പ്രതിഫലനം ഉണ്ടായതായി കേട്ടിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജിന്‍ഡാലിനെതിരെ തിരിയുകയും ഒരു ഘട്ടത്തില്‍ അസംബ്ളിയില്‍ നിന്നും അവര്‍ കൂട്ടത്തോടെ ഇറങ്ങി പോവുകയും ചെയ്തിരുന്നു. അവര്‍ താങ്കളെ ആത്മാര്‍ഥമായി പിന്തുണച്ചിരുന്നോ?

അതൊക്കെ വെറും രാഷ്ട്രീയ പ്രഹസനങ്ങള്‍ ആയിരുന്നു. പിന്നീട് ഒരിക്കല്‍ പോലും അവര്‍ ഈ വിഷയം ഉന്നയിക്കുകയോ എന്നെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല.

സംസ്ഥാനത്ത് അപ്പോഴുണ്ടായിരുന്ന ബിജെപി സര്‍ക്കാരിലെ ഉന്നതരുമായി ബിസിനസ് താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജിന്‍ഡാലിനു വളരെ അടുപ്പം ഉണ്ടായിരുന്നതായി ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. എങ്ങനെയാണ് അപ്പോഴുണ്ടായിരുന്ന രാഷ്ട്രീയ അവസ്ഥയെ നോക്കിക്കാണുന്നത്? പാര്‍ട്ടി ഭേദമെന്യെ എല്ലാവരും ഒരേ താല്പര്യം മുന്‍ നിര്‍ത്തിയാണോ പ്രവര്‍ത്തിച്ചത്?

ഏകദേശം അങ്ങനെ തന്നെയായിരുന്നു എന്നു വേണം പറയാന്‍.


മാധ്യമ ശ്രദ്ധയുടെ രാഷ്ട്രീയം
താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല രീതിയില്‍ മാധ്യമ പ്രാധാന്യം ലഭിച്ചിരുന്നു. കല്ക്കരി അഴിമതി കേസിനു ശേഷം സീ ടിവി (Zee News) കൂടുതലായി താങ്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു. വെടിവെയ്പ്പിനു ശേഷം പരിക്കേറ്റു കിടപ്പിലായ താങ്കള്‍ ജിന്‍ഡാലിന്റെ ആളുകളാണ് തന്റെ നേരെ വെടിയുതിര്‍ത്തത് എന്നാരോപിക്കുന്ന വിഷ്വലുകള്‍ ആയിരുന്നു പ്രൈം ടൈമില്‍ സീ ന്യൂസിന്റെ പ്രധാന ഫൂട്ടേജ്. അതിനുശേഷമാണ് വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദം ഉയര്‍ന്നു വന്നത്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ടു തനിക്കെതിരെ വാര്‍ത്ത ഉന്നയിക്കാതിരിക്കാന്‍ സീ ടിവി 100 കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ജിന്‍ഡാല്‍ രംഗത്തെത്തുകയും, അതേ സമയം ജിന്‍ഡാല്‍ തങ്ങളെയാണ് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന മറുവാദവുമായി സീ ടിവിയും രംഗത്തെത്തി. ആരോപണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മാധ്യമങ്ങളുടെ മുന്നില്‍ ഒരു ഉപകരണം ആയി താങ്കള്‍ സ്വയം മാറ്റപ്പെടുകയായിരുന്നുവോ? ഇപ്പോഴും സീടിവി തന്നെയാണ് താങ്കളെ പിന്തുണയ്ക്കുന്ന ഏറ്റവും പ്രധാന മാധ്യമം എന്നതുകൊണ്ടാണ് ഈ ചോദ്യം.

സീ ടിവിയും ജിന്‍ഡാലും തമ്മിലുള്ള വിഷയങ്ങളെക്കുറിച്ച് എനിക്കു വലുതായി അറിയില്ല. എന്നെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം എന്തെന്ന് വെച്ചാല്‍ ഒരു ദേശീയ ചാനല്‍, ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ഏറ്റെടുക്കുന്നു എന്നതു തന്നെയാണ്.

ഭാവി പരിപാടികള്‍ എന്തൊക്കെയാണ്? ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവാര്‍ഡ് എങ്ങനെയാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുക?

മനുഷ്യാവകാശം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം. ഈ അവാര്‍ഡിലൂടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പല രാജ്യങ്ങളിലായി പുതിയ ധാരാളം സുഹൃത്തുക്കളെ ലഭിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ഉറപ്പാണ്.
>>Read More

  ©

Back to TOP