November 18, 2010

ഫൈവ് പോയിന്റ്‌ സം വണ്‍

http://www.boolokamonline.com/wp-content/uploads/2010/10/images9.jpeg

ഒരു നോവലെന്നതിലുപരി സമകാലിക ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നേര്കാഴ്ചയാണ് ചേതന്‍ ഭഗത്തിന്റെ “ഫൈവ് പോയിന്റ്‌ സം വണ്‍ ,വാട്ട്‌ നോട്ട് ടു ഡൂ അറ്റ് IIT “(Five Point Someone,what not to do at IIT .)ഒരു പ്രത്യേക കാര്യത്തില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാത്രമേ ചെയ്യാവൂ എന്ന് പ്രതിപാദിക്കാറുണ്ട്.എന്നാല്‍ പതിവിനു വിപരീതമായി എന്ത് ചെയ്യരുത് എന്ന് പറയുമ്പോള്‍ വായനക്കാരില്‍ അതൊരു പുതുമയുള്ളതും ,വൈവിധ്യവുമായ ഒരു അനുഭൂതി സൃഷ്ട്ടിക്കുകയാണ്.ഡല്‍ഹി IIT യുടെ പശ്ചാത്തലത്തില്‍ മൂന്നു വ്യതസ്ത ജീവിതങ്ങളുടെ കഥ പറയുകയാണ്‌ ചേതന്‍ .തന്റെ സാഹിത്യ ജീവിതത്തില്‍ ആകെ കൂടി 4 പുസ്തകങ്ങള്‍(Five Point Someone – What not to do at IIT! , One Night @ the Call Center, The 3 Mistakes of My Life , 2 States: The Story of My Marriage.) മാത്രം രചിച്ച ചേതന്റെ ഈ ‘വിസ്മയം’ പോയ വര്‍ഷങ്ങളിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയതില്‍ എനിക്കത്ഭുതമില്ല.കാരണം എനിക്കറിയാം ചേതന്റെ വാക്കുകളുടെ ശക്തി.ഇത് വായിച്ചവര്‍ ഒരിക്കലും ഒരു ‘വെറും നോവലായി’ ഇതിനെ കാണാന്‍ ഇടയില്ല .മറിച്ച് ഒട്ടനേകം സന്ദേശങ്ങള്‍ നല്‍കുന്ന ഒരു അക്ഷയ നിധിയായി ഇതിനെ കണ്ടിട്ടുണ്ടാവും.ചേതന്റെ IIT വിദ്യാഭ്യാസ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ എഴുതപെട്ടിരിക്കുന്നത്.ഈ നോവലാണ്‌ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 3-idiots എന്ന പേരില്‍ വമ്പന്‍ ഹിറ്റായ സിനിമയായി മാറിയത്.ഒരു പക്ഷെ ദ്രിശ്യാവിഷ്ക്കാരം കണ്ട ശേഷം മൂലകഥ വായിക്കുമ്പോള്‍ മടുപ്പിക്കുന്ന അനുഭവം അനുവാചകരില്‍ ഉണ്ടാക്കാം.എന്നാല്‍ 3-idiots കണ്ട ശേഷം നോവല്‍ വായിക്കുന്നവര്‍ക്കായി കാത്തിരിക്കുന്നത് സിനിമയില്‍ അവര്‍ കാണാത്ത ഒരു ക്ലൈമാക്സും മട്ടു ഘടകങ്ങളുമാണ്.


http://www.boolokamonline.com/wp-content/uploads/2010/10/3-idiots03.jpg

ര്യാന്‍,ആലോക്,ഹരി -മൂന്നു യുവാക്കള്‍.അവര്‍ ജീവിത ലക്ഷ്യമെന്നോണം ഡല്‍ഹി IIT യിലെ പഠനത്തിനെത്തുന്നു .ആദ്യ ദിവസത്തെ റാഗിങ്ങില്‍ നിന്നും അതിവിദഗ്ദമായി ര്യാന്‍ -ആലോകിനെയും,ഹരിയും രക്ഷപ്പെടുത്തുന്നു.തുടര്‍ന്നുള്ള ഹോസ്റ്റെല്‍,കോളജ് ജീവിതത്തില്‍ അവരുടെ അതിശക്തമായ സുഹൃത്ത് ബന്ധം ആരംഭിക്കുകയാണ്.മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ,മൂന്നു വ്യത്യസ്ത രീതികളിലുള്ളവര്‍ ,പരിമിതികള്‍ ഉള്ളവര്‍ ,പക്ഷെ പോരാടുകയാണ് പരിമിതികളെ തോല്‍പ്പിച്ചു കൊണ്ട് ,ഒറ്റ ലക്‌ഷ്യം മാത്രം -ജീവിത വിജയം.അതില്‍ അവര്‍ക്ക് അനേകം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു ,ഇതാണ് ഫൈവ് പോയിന്റ്‌ സം വണ്‍ എന്ന സൃഷ്ട്ടിയുടെ പ്രമേയം.പുസ്തകം ആരംഭിക്കുന്നത് മുതല്‍ വായനക്കാരെ ഈ സൃഷ്ട്ടി അതിയായി രസിപ്പിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് .കടപ്പാട് പേജില്‍ നോവലിലെ അക്ഷര പിശകുകള്‍ തിരുത്താന്‍ സഹായിച്ച MS വേര്‍ഡ്‌ ന്റെ മുതലാളിയായ ബില്‍ ഗേറ്റ്സിനും
മൈക്രോസോഫ്ട്‌ കോര്‍പ്പറേഷനും വരെ നന്ദി പറഞ്ഞാണ് ചേതന്‍ എഴുതി തുടങ്ങുന്നത്.മൂന്നു പേരില്‍ ഹരിയാണ് കഥ പറയുന്നത്.ആലോകിനു ഒരു അപകടം സംഭവിച്ചപ്പോള്‍ ആംബുലന്‍സില്‍ ഇരുന്നുകൊണ്ട് ആലോക് രക്ഷപ്പെട്ടാല്‍ ആരും മറക്കാത്ത ഈ കോളജ് ദിനങ്ങള്‍ പുസ്തകമാക്കുമെന്നു പറഞ്ഞു കൊണ്ട് കഥയിലേക്ക് വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നു.പോസ്റ്റ് മോഡേണ്‍ നോവലിസ്റ്റുകളെ പോലെ ഒരു നോവല്‍ എന്നത് മാത്രമല്ല ഉദേശിക്കുന്നത്,മറിച്ച് അത് എങ്ങനെ വായിക്കണം,എങ്ങനെ എഴുതപെട്ടു എന്നൊക്കെ ചേതന്‍ നമ്മുക്ക് വിവരിച്ചു തരുന്നു.
തികച്ചും സ്വാഭാവികമായ ആഖ്യാന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.ഇന്നത്തെ സാങ്കേതിക /ഉന്നത പഠന രീതികള്‍ എങ്ങനെയാണ് എന്ന് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്-”ഒരാള്‍ക്ക്‌ IIT പാസാകണമെന്നു തീവ്രാഭിലാഷമുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് ഒരു മുറിക്കുള്ളില്‍ കുറെ പുസ്തകങ്ങളുമായി ചടഞ്ഞു കൂടിയിരുന്നു താക്കോല്‍ കൊണ്ട് മുറി പൂട്ടി ,ആ താക്കോല്‍ എറിഞ്ഞു കളയാനുള്ള മനസ് വേണം”.



http://www.boolokamonline.com/wp-content/uploads/2010/10/3_Idiots.jpg
ര്യാന്‍ പുതിയ പുതിയ ആശയങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും സൃഷ്ട്ടാവാണ്.പഠനം മാത്രമായുള്ള ജീവിതത്തെ കുറിച്ച് അയാള്‍ക്ക്‌ ചിന്തിക്കാന്‍ പോലുമാകില്ല.നിലവിലുള്ള വിദ്യാഭ്യാസ രീതികളോട് അയാള്‍ക്ക്‌ എതിര്‍പ്പാണ്.ബ്രോയിലര്‍ ചിക്കന്‍ കണക്കെയുള്ള കുറെ കുട്ടികളെ ടൈയും കെട്ടിച്ചു വിദേശ രാജ്യങ്ങളുടെ MNC(Multi National Companies)ലേക്ക് കൊടുക്കുന്നതല്ലാതെ അടിസ്ഥാനമായി രാജ്യത്തിന്റെ പുരോഗതിയിലേക്ക് IIT എന്ത് സംഭാവന ചെയ്യുന്നു എന്ന് ര്യാന്‍ ചോദിക്കുന്നു.കാണാതെ പഠിക്കുകയും ,എഴുതു പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ധിപ്പിക്കില്ല എന്ന അഭിപ്രായക്കാരനാണ് ര്യാന്‍.സ്വതന്ത്ര ചിന്തക്കും,ഭാവനകളുടെ വികാസത്തിനും ഇവിടെ യാതൊരു സംവിധാനങ്ങളും ഇല്ലെന്നു അയാള്‍ കൂട്ടി ചേര്‍ക്കുന്നു.പക്ഷെ രണ്ടാമനായ ആലോക് ആകട്ടെ വീട്ടിലെ പരാദീനതകള്‍ മൂലം എങ്ങനെയെങ്കിലും പഠിച്ചു ഈ കടമ്പ കടന്നു ഒരു ജോലി സമ്പാദിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.കഥ പറയുന്ന മൂന്നാമന്‍ ഹരിയാകട്ടെ കഥയില്‍ ഒരു ന്യൂട്രല്‍ കഥാപാത്രമാണ്.രണ്ടു പേരുടെയും രീതികള്‍ കണ്ടു മനസിലാക്കുന്ന ഒരു കാഴ്ചക്കാരന്‍ അല്ലെങ്കില്‍ അവ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന് വായനക്കാരനെ തോന്നിപ്പിക്കും.ഹോസ്റ്റലില്‍ ഒരുമിച്ചു താമസിക്കുന്ന ഇവരുടെ സംഭവം ബഹുലമായ കഥ ;ഓരോ അദ്ധ്യായത്തിലും, അതിന്റെ തലക്കെട്ടില്‍ പോലും വലിയ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു കൊണ്ട് പുരോഗമിക്കുകയാണ്.കുട്ടികളെ ജോലിഭാരം കൊണ്ട് പൊറുതി മുട്ടിക്കുന്ന പ്രൊഫസര്‍മാരും ,viva യില്‍ ക്രൂരമായി സ്‌ട്രെസ് കൊടുത്തു കുട്ടികളെ പ്രയാസപ്പെടുത്തുന്ന അധ്യാപകരെയും കാണാന്‍ കഴിയും.ഒരു സന്ദര്‍ഭത്തില്‍ ഒരു പ്രൊഫസര്‍ കുട്ടികളോട് പറയുന്ന ഒരു വാചകം വളരെയധികം ചിന്തിപ്പിക്കുന്നതാണ്.”if you have no grade,no job,no school,no future” ഗ്രേഡ് നേടുന്നതിലൂടെയും ജോലി സമ്പാദനം കൊണ്ടും മാത്രം വിദ്യാഭ്യാസം പൂര്‍ണമായോ എന്ന ചോദ്യം നമ്മളില്‍ ഇത്തരം അനേകം സന്ദര്‍ഭങ്ങള്‍ ഉയര്‍ന്നു വരും.കഥയില്‍ ഇതിന്റെയെല്ലാം ഇടയില്‍ ഈ മൂവരുടെ സൗഹൃദം ആഴമേറിയതാണ്..ഇടക്കൊക്കെ ചില പിണക്കങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ദൃശ്യം കഥയില്‍ കാണാന്‍ കഴിയും.പരസ്പ്പരം എന്താവശ്യത്തിനും സജ്ജമായ എങ്ങും കാണാത്ത 3 കൂട്ടുകാര്‍.ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി തന്നെ ഹരി തന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയ പ്രൊഫ.ചെറിയാന്റെ മകളായ നേഹയുമായി പ്രണയത്തിലാകുന്നു .കഥയെ പ്രേമസുരഭിലമാക്കുന്നതും ഇത് തന്നെയാണ്.സ്ത്രീകളുടെ അതിസൂക്ഷ്മമായ ഓരോ വികാര വിചാരങ്ങളും അവതരിപ്പിക്കുന്നതില്‍ ചേതന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.എഞ്ചിനീയറിംഗ് എന്ന് പറഞ്ഞു പ്രൊഫ്‌.ചെറിയാന്‍ സമ്മര്‍ദത്തിലാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തന്റെ മകന്‍ നേഹയുടെ സഹോദരന്‍ -സമീര്‍,ഇന്നത്തെ മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന കഥാപാത്രമാകുന്നു.ഇഷ്ട്ട കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ഉപദേശം കൂടിയാണ് ഈ നോവല്‍.എഞ്ചിനീയറിംഗ് സ്വപ്നം കാണുന്ന മക്കളെ അടിമകളാക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ഈ നോവല്‍ വായിച്ചിരിക്കണം എന്ന് ഞാന്‍ പറയും.

സ്വതന്ത്ര ചിന്തക്കും ഭാവനകള്‍ക്കും കുട്ടികളെ അനുവദിക്കുക എന്ന മഹാ സന്ദേശം ചേതന്‍ നല്‍കുന്നു .


കഥ ആദിയോടന്തം നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയതാണെങ്കിലും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രംഗങ്ങളാണ് മുഴുവനും തന്നെ.സ്ട്രെസ്സില്‍ ആകുന്ന കുട്ടികളുടെ ദുരന്ത ചിത്രം,ഭാവനയും innovative ആശയങ്ങളും അക്കാദമിക രംഗത്ത്‌ നിന്ന് തള്ളപ്പെട്ടു പോകുകയും പരീക്ഷകള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന അധ്യാപകരുടെ വിനോദങ്ങളും ദര്‍ശിക്കാന്‍ കഴിയും.എങ്കിലും അധ്യാപകരില്‍ ചിലര്‍ എങ്കിലും നല്ലതായിട്ടുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് പ്രൊഫ.വീര.നോവലില്‍ സ്വന്തമായ ഒരു ആഖ്യാന രീതിയാണ് ചേതന്‍ സ്വീകരിച്ചിട്ടുള്ളത്.ഓരോ അധ്യായങ്ങളില്‍ ഒരു സന്ദര്‍ഭം പറഞ്ഞു വരുമ്പോള്‍ പെട്ടെന്ന് നിര്‍ത്തിയിട്ടു വേരെയൊരു സന്ദര്‍ഭത്തിലേക്ക് പോകുന്നതും ഓരോ അദ്ധ്യായത്തിന്റെയും പേരിന്റെ ഔചിത്യം എല്ലാ അധ്യായതിന്റെയും അവസാനം വെളിപ്പെടുത്തുന്നതും നാടകീയമായ അന്തരീക്ഷം വായനക്കാര്‍ക്ക് നല്‍കുന്നു.ഞാന്‍ എന്റെ വായനയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെടുന്ന സൃഷ്ട്ടിയായി ഇത് മാറാന്‍ ഇത്രയും കാരണങ്ങള്‍ മതിയെന്ന് തോന്നുന്നു.അവസാനമായി Times Of India ഈ നോവലിനെ കുറിച്ച് പറഞ്ഞത് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.

“A Must Read For Both IIT ians and Non-IIT ians”

2 അഭിപ്രായങ്ങള്‍:

പഞ്ചാരകുട്ടന്‍ -malarvadiclub November 18, 2010 at 1:23 AM  

പിന്നെ എന്ത് കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍ കാണിച്ചപ്പോള്‍ ചേതന്റെ പേര് ഇല്ലാതിരുന്നത് .അപ്പോള്‍ നമ്മുക്ക് പറയാമല്ലോ 3idiots എന്ന സിനിമ നൂറ്റാണ്ടിന്റെ മോക്ഷണം എന്ന്
പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം

ശ്രീ November 19, 2010 at 3:39 PM  

3 ഇഡിയറ്റ്സ് ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത സിനിമ ആണ്.

ഈ പുസ്തകം വായിച്ചിട്ടില്ല. കിട്ടുമോന്ന് ഒന്നു ശ്രമിയ്ക്കട്ടെ!

. . Home

  ©

Back to TOP