April 6, 2015

സോഷ്യല്‍ മീഡിയയ്ക്ക് ഈ വീട്ടില്‍ എന്താണ് കാര്യം?

 (ഏഷ്യാനെറ്റ്‌ ന്യൂസ് വെബ്ബിൽ പ്രസിദ്ധീകരിച്ചത്)
രാഷ്ട്രീയമായ ധ്രുവീകരണം പ്രകടമായ നാടാണ് കേരളം. ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ട് നീ വോട്ട് ചെയ്യുന്നു എന്നു ചോദിച്ചാല്‍, സ്വന്തം വീട്ടിലെ രാഷ്ട്രീയ നിലപാടുകള്‍ നിരത്തി അതിന് ന്യായീകരണം കണ്ടെത്തുന്ന രീതി കേരളത്തിന്റെ സമീപ ഭൂതകാലത്തിനു പരിചയമുണ്ടാകും. കോണ്‍ഗ്രസ് അനുഭാവികള്‍ സ്വന്തം മക്കളെ കോണ്‍ഗ്രസ് അനുഭാവികള്‍ ആക്കുന്നതും മനോരമ പത്രം മാത്രം വീട്ടില്‍ വരുത്തുന്നതും, മറുവശത്ത് കമ്മ്യൂണിസ്റ്കാര്‍ ദേശാഭിമാനി പത്രം മാത്രം മക്കള്‍ക്ക് വായിക്കാന്‍ കൊടുത്ത് ഭാവിസഖാക്കള്‍ ആകുന്നതുമായ അവസ്ഥയ്ക്ക് അല്പമെങ്കിലും മാറ്റം വന്നിട്ടുണ്ടെന്നാണ് വര്‍ത്തമാനകാലത്തെ യുവപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

യുവസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന വോട്ടെടുപ്പാണ് ഇത്തവണ ഇന്ത്യ കാത്തിരിക്കുന്നത്. 9.76 കോടി പുതിയ വോട്ടര്‍മാര്‍ ഈ തെരഞ്ഞെടുപ്പില്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. ഏകദേശം 90,000 ല്‍ അധികം പുതുമുഖ വോട്ടര്‍മാരാണ് ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ കാത്തിരിക്കുന്നത്. വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന 35 വയസില്‍ താഴെയുള്ള ആളുകളില്‍ 30.1% നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരും, 69.9% ഗ്രാമപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചവരുമാണ്. ഇവരുടെ പങ്കാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുക. ഇതുകൊണ്ടൊക്കെ തന്നെ ഒരു 'youthquake' ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാമെന്നാണ് ശശി തരൂര്‍ പറയുന്നത്. റോഡ് തടയലുകളും,പിക്കറ്റിങ്ങും, ഹര്‍ത്താലുകളും യുവതലമുറ പുച്ഛത്തോടെ നോക്കുന്നു എന്ന ധാരണ കക്ഷിഭേദമെന്യേ സകല പാര്‍ട്ടികള്‍ക്കും ഇന്നുണ്ട്. അതിനാല്‍ തന്നെ അവര്‍ ഏറ്റവും സജീവമായി പങ്കെടുക്കുന്ന മാധ്യമം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയെ ഈ തെരഞ്ഞെടുപ്പുമായി കൂട്ടി വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യത്യസ്തമായ പോളുകളില്‍ ഉറച്ചു പോയ യാഥാസ്ഥിതിക വോട്ടര്‍മാരെ പോലും ഞെട്ടിക്കുന്ന തലത്തിലേക്ക് യുവാക്കളുടെ മനോഭാവം മാറുന്നുണ്ട് എന്നാണു നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
നിശ്ശബ്ദ രാഷ്ട്രീയത്തിന്റെ ചുവരുകള്‍
പണ്ടത്തെ ചായക്കടകളില്‍ ആവേശം മൂത്ത് രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്ന കാലത്ത്, പലതും പൊതുജനസമക്ഷം പറയാനാവാതെ ഒരു നെടുവീര്‍പ്പില്‍ ഒരായിരം അഭിപ്രായങ്ങള്‍ അടക്കി വെച്ചു നിശബ്ദമാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സാക്ഷാത്കാരം കൂടിയാണ് സോഷ്യല്‍ മീഡിയ എന്നുള്ളതിനാല്‍ രാഷ്ട്രീയവുമായി ഈ മാധ്യമത്തിനു 'പിള്ളേര് കളിയില്‍' കവിഞ്ഞ ബന്ധമുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാന്‍ ഒരു വേദി എന്ന അവസ്ഥയില്‍ നിന്നും ഒരു സജീവ 'രാഷ്ട്രീയഉപാധി' അല്ലെങ്കില്‍ 'രാഷ്ട്രീയപ്രവര്‍ത്തനം' എന്ന നിലയിലേക്ക് ഈ മാധ്യമം എത്തിയിട്ട് അധികം നാളായിട്ടില്ല. പ്രത്യക്ഷമായി രാഷ്ട്രീയ നിലപാടുകളോട് അമര്‍ഷമുള്ള യുവാക്കള്‍ക്ക് പോലും തങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രക്രിയയുടെ പരിധിയില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ല എന്നത് ക്രമേണ രാഷ്ട്രീയം എന്നത് ഹേറ്റ് ചെയ്യാന്‍ ഉള്ളതല്ല എന്ന ധാരണ കുറെയധികം ചെറുപ്പക്കാരുടെ മനസ്സില്‍ എത്തിച്ചിട്ടുണ്ട്. ആം ആദ്മി പോലെയുള്ള മുന്നേറ്റങ്ങള്‍ ഇതിനു ആക്കം കൂട്ടുകയും ചെയ്തു.

ഒരു ദിവസത്തെ പത്രം പോലും വായിക്കാത്ത യുവാക്കള്‍ എന്ന ബ്രാന്റിങ്ങില്‍ നിന്നും വളരെയധികം അവര്‍ മുന്‍പോട്ടു പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാരന്‍ സോഷ്യല്‍ മീഡിയ തന്നെയാണ്. അവന്‍/അവള്‍ യാത്ര ചെയ്യുന്ന റോഡിന്റെ ശോചനീയാവസ്ഥ, സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍..അങ്ങനെ പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പല വിഷയങ്ങളോടുമുള്ള നീരസം ഉള്ളില്‍ അടക്കിയിരുന്ന ഒരു കാലത്തില്‍ നിന്നും അവന്റെ പ്രതിഷേധം അറിയിക്കാനുള്ള വേദിയായി സോഷ്യല്‍ മീഡിയ മാറുന്നു എന്ന തിരിച്ചറിവ് അവരെ അത്ഭുതപ്പെടുത്തുന്നു.

കാര്യമായ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കോളജുകളില്‍ മാത്രം അരങ്ങുവാണപ്പോള്‍ അവിടെയും അടിച്ചമര്‍ത്തിയ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ അല്ലാതെ മറ്റൊരു മാധ്യമവും അവര്‍ക്കില്ലായിരുന്നു. വ്യക്തിഗതമായി സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയം പറയാത്തവര്‍ പോലും പല പേജുകളില്‍ നിന്നെത്തുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ദൃക്സാക്ഷികള്‍ ആകാറുണ്ട് എന്നതിനാല്‍ രാഷ്ട്രീയ ബോധമില്ലാത്ത തലമുറ എന്ന വിശേഷണം അര്‍ത്ഥശൂന്യമാണ്, കാരണം രാഷ്ട്രീയം എന്നത് അവരുടെ 'collective consciousness' ന്റെ ഭാഗമാകുകയാണ്,അവര്‍ പോലുമറിയാതെ.


ഇതും രാഷ്ട്രീയമാണ്
'I hate politics' എന്ന ക്ലീഷേ അഭിപ്രായത്തില്‍ നിന്നും വ്യക്തമായ രാഷ്ട്രീയ നിലപാടുകളിലേക്ക് യുവാക്കളെ എത്തിച്ചതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കു വളരെ വലുതാണ്. ഒരു ദിവസത്തെ പത്രം വായിച്ചില്ലെങ്കിലും വാര്‍ത്തകളുടെ പരിധിയില്‍ നിന്നും യുവാക്കള്‍ പുറത്തു പോകുന്നില്ല എന്നത് അവരുടെ പുത്തന്‍ നിലപാടുകളുടെ സാക്ഷ്യം കൂടിയാകുന്നു. ഒരു ഇലക്ഷന്‍ പോസ്റര്‍ കണ്ടാല്‍ അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളുടെ നിലപാടുകള്‍ കാണുമ്പോള്‍ സ്വന്തം മറുപടി/വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന ഒരു അവസ്ഥയില്‍ നിന്നും ഏത് ദിശയിലേക്കുമുള്ള ആശയപ്രകടനം സോഷ്യല്‍ മീഡിയയിലൂടെ സാധ്യമായി. "ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ എന്തെന്ന് പോലും അറിയാതെ ഒരു കാലത്ത് പോളിംഗ് ബൂത്തിലേക്ക് പോയിരുന്ന യുവതലമുറ ഇന്ന് എല്ലാം അറിയുന്ന ഒരു പ്ലാറ്റ് ഫോമില്‍ നിന്നാണ് വോട്ടിങ്ങിനു പോകുന്നത്" എന്ന് യുവ ബ്ലോഗ്ഗര്‍ അഞ്ജലി അനില്‍കുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു പ്രത്യേക രാഷ്ട്രീയ നിലപാടിന്റെ അടിമകളായിരുന്നവര്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ ഓപ്പണ്‍ സ്പേസിന്റെ സ്വാതന്ത്യ്രം അനുഭവിക്കുകയാണ്, അതേസമയം ഗിമിക്കുകളിലൂടെയോ വ്യാജപ്രചാരണങ്ങളിലൂടെയോ അവരെ അന്ധവിശ്വാസികളാക്കാനും കഴിയില്ല.

"സോഷ്യല്‍ മീഡിയയെ വ്യക്തമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ലൈക്കുകളുടെ എണ്ണം തെരഞ്ഞെടുപ്പിനെ നേരിട്ട്
ബാധിക്കണമെന്നില്ല, പക്ഷെ റീച്ച് വര്‍ദ്ധിപ്പിച്ചേക്കാം, ലൈക്കുകള്‍ വാങ്ങുന്നതിലും വില്ക്കുന്നതിലും തല്പരരായതിനാല്‍ സോഷ്യല്‍ മീഡിയ മാനിപ്പുലേഷന്‍ ഏതറ്റം വരെയുണ്ടെന്നു വ്യക്തമായി തിരിച്ചറിയാന്‍ കഴിവുള്ള യുവതലമുറയാണ് ഇവിടെയുള്ളത്" എന്ന് ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകന്‍ കൂടിയായ യുവ വെബ്ഡെവലപ്പര്‍ ആബിദ് അബൂബക്കര്‍ അഭിപ്രായപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ നെഞ്ചേറ്റുന്ന ആം ആദ്മി തരംഗവും ഈ ഇലക്ഷനില്‍ കണക്കിലെടുക്കേണ്ടി വരും. പൂര്‍ത്തിയാക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ നല്കി നാട്ടുകാരെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഉറച്ച മറുപടി കൂടിയാണ് ആം ആദ്മിക്ക് യുവാക്കള്‍ നല്കുന്ന പിന്തുണ എന്നു മനസ്സിലാക്കേണ്ടി വരും. അതേ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളോടുള്ള പ്രതിഷേധം വോട്ടാക്കി മാറ്റുന്നത് ആം ആദ്മിയുടെ 'പക്കാരാഷ്ട്രീയ തന്ത്രം' കൂടിയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 'ലയനം,ആഗോളവല്ക്കരണം,അടവുനയം' എന്നിവയൊന്നും യുവാക്കളുടെ ശബ്ടാവലിയിലെ പദങ്ങള്‍ ആവാത്തിടത്തോളം കാലം ആം ആദ്മി ഉയര്‍ത്തുന്ന പ്രാദേശിക വിഷയങ്ങളും ജനങ്ങളുമായി ഏറ്റവുമടുത്ത് ബന്ധമുള്ള വിഷയങ്ങളിലെ ഇടപെടലുകളും യുവാക്കള്‍ നെഞ്ചേറ്റിയാല്‍ തെറ്റുപറയാന്‍ കഴിയില്ല. അഴിമതിരഹിത വികസനം യുവാക്കള്‍ സ്വപ്നം കാണുമ്പോള്‍ അതിലേക്കു ഉന്നം വെയ്ക്കുന്ന പാര്‍ട്ടിക്ക് വോട്ട് പോകുന്നത്
സ്വാഭാവികമാണ്.

സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ പ്രക്രിയ വ്യക്തമായത് മുല്ലപ്പൂവസന്തവും ഡല്‍ഹിയില്‍ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പിന്തുണയുമായി ഉണ്ടായ മുന്നേറ്റങ്ങളും കൊണ്ടാണ്. സത്യത്തോടൊപ്പം വ്യാജപ്രചാരണങ്ങളുടെ കൂടി കേന്ദ്രമാണ് ഈ മീഡിയ. "സോഷ്യല്‍ മീഡിയയില്‍ വരുന്ന ഉള്ളടക്കത്തിന് വിശ്വാസ്യത ഇല്ലെന്നു ആരോപിക്കുമ്പോഴും സത്യമറിയാനുള്ള ത്വര പല യുവാക്കളും പ്രകടിപ്പിക്കാറുണ്ട് എന്നതിനാല്‍, എന്നന്നേക്കുമായി ഒരു കള്ളത്തിന് 'സത്യമായി' തുടരാന്‍ കഴിയില്ല, അതൊരുപക്ഷെ നാളെ ഒരു വിപ്ലവത്തിന് തന്നെ വഴിവെയ്ക്കാം" എന്നാണ് 'കോഡ്മെലാനിന്‍' സ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനും ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയുമായ ഷാഹുല്‍ ഹമീദിന്റെ വാദം. അതുകൊണ്ട് തന്നെയാണ് സമൂഹത്തില്‍ പയറ്റിതെളിഞ്ഞ പല രാഷ്ട്രീയ തന്ത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ദയനീയമായി തകര്‍ന്നു തരിപ്പണമാകുന്നത്.തെറ്റുതിരുത്തല്‍ വഴികള്‍

"താന്‍ സ്വയം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ തെറ്റുകളെ പോലും വിമര്‍ശിക്കുന്ന തലത്തിലേക്ക് ഒരു കറക്റ്റീവ് ഫോഴ്സ് ആയി സോഷ്യല്‍ മീഡിയ മാറുന്നുണ്ട് എന്നതിനാല്‍ എന്തും കാണിക്കാവുന്ന പഴഞ്ചന്‍ പരിപാടി ഇനി നടക്കില്ല, സോഷ്യല്‍ മീഡിയ പങ്കാളിത്തത്തിലൂടെ നേതാക്കള്‍ക്ക് കൂടുതല്‍ സുതാര്യത വന്നിട്ടുണ്ട്,വി ടി ബല്‍റാമും എംബി രാജേഷുമൊക്കെ യുവാക്കള്‍ക്ക് പ്രിയരായതും ഇതുകൊണ്ട് തന്നെയാണ്". അതുകൊണ്ട് ഇനിയും കാളവണ്ടി യുഗത്തില്‍ ഉള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കല്ലേ എന്നാണ് ഇരിഞ്ഞാല്ലക്കുട ക്രെസ്റ് കോളജിലെ മൂന്നാംവര്‍ഷ ജേണലിസം വിദ്യാര്‍ഥിനി അനഘ ജയന്റെ പ്രാര്‍ത്ഥന. വാര്‍ത്തകള്‍ മുക്കുന്ന ഈ കാലത്ത് സത്യം പുറത്തുവരാന്‍ അധികം സമയമൊന്നും വേണ്ട എന്നതിനാല്‍ കരപുരളാത്ത വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ ഭാവിയില്‍ എങ്കിലും നിര്‍ബന്ധിതരാകും എന്ന പ്രതീക്ഷയാണ് പലര്‍ക്കുമുള്ളത്.

സോഷ്യല്‍ മീഡിയയുടെ പ്രഭാവം രാഷ്ട്രീയ രംഗത്തെ സ്വാധീനിച്ചിട്ടില്ല എന്നു പല പിന്‍തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ പറയാറുണ്ടെങ്കിലും പ്രചാരണ പരിപാടികളില്‍ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി വാദിക്കുന്നതും കാണാം. അതിന്റെ ശക്തി തിരിച്ചറിഞ്ഞവര്‍ പതുക്കെയാണെങ്കിലും ഇവിടെയ്ക്ക് ചേക്കേറുന്നുണ്ട്. പരമ്പരാഗത പ്രചാരണ രീതികളെക്കാള്‍ ചെലവു കുറഞ്ഞതും, ടാര്‍ഗെറ്റ് ഓഡിയന്‍സിലേക്ക് എത്തിക്കാനും ഇതിനു കഴിയുമെന്നതും ഈ മാധ്യമത്തെ കൂടുതലായി ഉപയോഗിക്കാന്‍ പാര്‍ട്ടികള്‍ക്ക് പ്രചോദനം നല്കിയിട്ടുണ്ട്. വരുന്ന ഇലക്ഷനില്‍ പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയ സ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷ ഇല്ലെങ്കില്‍ പോലും അന്ധമായ പാര്‍ട്ടി വിശ്വാസം പലപ്പോഴും ശരിയല്ല എന്ന തിരിച്ചറിവില്‍ തന്നെയാകും അവര്‍ വോട്ട് കുത്തുക. പലപ്പോഴായി മനസ്സില്‍ അറിയാതെ പതിഞ്ഞ പല കാര്യങ്ങളും അവന്റെ തീരുമാനങ്ങളെ സ്വാധീനിക്കും. ആദ്യം സൂചിപ്പിച്ച കണക്കുകളിലെ നഗരകേന്ദ്രീകൃത യുവജനസംഖ്യ പലപ്പോഴും വോട്ട് ചെയ്യാന്‍ മടി കാണിക്കുന്നവരാണ്. അവരെ, അവര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാധ്യമത്തിലൂടെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ ശ്രമിച്ചാല്‍ ഇലക്ഷനില്‍
ചെറുതല്ലാത്ത വ്യത്യാസം ഉണ്ടാക്കാന്‍ കഴിയും. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് മാത്രം സോഷ്യല്‍ മീഡിയയുടെ സ്വാധീനം വെളിവാക്കാന്‍ സാധിക്കില്ല, അനേകം സ്വാധീന ശക്തികളില്‍ ഒന്ന് മാത്രമായിരിക്കും സോഷ്യല്‍ മീഡിയ. ശൈശവദശയില്‍ ഇന്നും തുടരുന്ന ഈ മാധ്യമത്തിന്റെ രാഷ്ട്രീയസാധ്യതകള്‍ ഏറ്റവും തെളിഞ്ഞു കാണാന്‍ പോകുന്നത് ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ ആകും. ഇപ്പോഴുള്ള പരമ്പരാഗത വോട്ടര്‍മാരുടെ ഭൂരിപക്ഷം ന്യൂനപക്ഷമാകുമ്പോള്‍ ഇന്ത്യ കാണാന്‍ പോകുന്നത് സൈബര്‍ ബലാബലങ്ങളുടെ കാലമാകും, ഒപ്പം ഇതുവരെ ശീലിച്ച ചില രാഷ്ട്രീയശീലങ്ങള്‍ നാളെ രാഷ്ട്രീയമേ അല്ലെന്ന തിരിച്ചറിവ് കൂടിയാകും.

0 അഭിപ്രായങ്ങള്‍:

. . Home

  ©

Back to TOP